
ജബൽപുർ: മധ്യപ്രദേശിൽ ടിക്കറ്റ് എടുക്കാൻ പൈസയില്ലാത്തതിനെ തുടർന്ന് ട്രെയിനിന് അടിയിൽ തൂങ്ങി യുവാവ് യാത്ര ചെയ്തു. മധ്യപ്രദേശിലെ ഇറ്റാർസിയിൽ നിന്ന് ജബൽപുരിലേക്കായിരുന്നു യുവാവ് സാഹസിക യാത്ര ചെയ്തത്. 250 കിലോമീറ്റർ ദൂരമാണ് ഇയാൾ ട്രെയിനിന്റെ അടിയിൽ തൂങ്ങി യാത്ര ചെയ്തത്. റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ട്രെയിനിന് അടിയിൽ തൂങ്ങിക്കിടന്നിരുന്ന യുവാവിനെ പിടികൂടിയത്. ഡിസംബർ 24ന് ദനാപൂർ എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്.
പതിവ് പരിശോധനക്കിടെ എസ്-4 കോച്ചിന് താഴെ ഒരു യുവാവ് കിടക്കുന്നത് റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു.