ന്യൂഡൽഹി: ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടക്കില്ല. മലേഷ്യയിലെ ക്വാലലംപൂരിൽ നടക്കുന്ന ഉച്ചകോടിയിൽ താൻ നേരിട്ട് പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു. ( No Modi-Trump meeting during ASEAN summit, PM to attend summit virtually)
പകരം അദ്ദേഹം വിർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുക. ഒക്ടോബർ 26 മുതൽ 28 വരെയാണ് ആസിയാൻ ഉച്ചകോടി നടക്കുന്നത്.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചു. 2014 മുതൽ 2019 വരെ എല്ലാ വർഷവും പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് 2020-ലും 2021-ലും ഉച്ചകോടി നടന്നില്ല. 2022-ൽ നടന്ന ഉച്ചകോടിയിൽ മോദി പങ്കെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് തവണയും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.