ചെന്നൈ: 2026 ലെ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുണ്ടാക്കിയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയ്‌ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. "ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിൽ വിജയം ഡിഎംകെയുടേതായിരിക്കും. തമിഴ്‌നാട് എപ്പോഴും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കും." - ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു.
പ്രസംഗത്തിൽ മുഴുനീളെ അമിതാ ഷായെ വിമർശിക്കുകയായിരുന്നു സ്റ്റാലിൻ. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ബിജെപി നീറ്റില്‍ ഇളവു നല്‍കുമോ? ഹിന്ദി നിര്‍ബന്ധിതമായി നടപ്പാക്കില്ല എന്ന് ഉറപ്പു നല്‍കാന്‍ സാധിക്കുമോ? പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പു നല്‍കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളും സ്റ്റാലിൻ ഉന്നയിച്ചു.
"സംസ്ഥാനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ക്ക് ചരിത്ര വിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് തമിഴ്‌നാട് പോരാടുന്നത്." -സ്റ്റാലിന്‍ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്നു പറഞ്ഞ മോദിയുടെ പ്രസ്താവന ഓര്‍മപ്പെടുത്തുവെന്നും ആരുടെയും കാലില്‍ വീഴുന്ന വ്യക്തിയല്ല താനെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. എഐഎഡിഎംകെ - ബിജെപി സഖ്യത്തെ തട്ടിപ്പു സഖ്യമെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, കേന്ദ്ര ഏജന്‍സികളുടെ റെയ്‌ഡ് ഭയന്നാണ് എഐഎഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നതെന്നും ആരോപിച്ചു.