നോയിഡ: സെക്ടർ 108 ലെ അഴുക്കുചാലിൽ തലയും കൈപ്പത്തികളും ഇല്ലാത്ത നിലയിൽ നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.( No head, no hands, Naked body of woman found in a ditch in Noida)
യുവതിയെ മറ്റൊരിടത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിമുറിച്ച് കഷണങ്ങളാക്കി സെക്ടർ 108 ലെ അഴുക്കുചാലിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെത്തുടർന്ന് സെക്ടർ 39 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും ഉടൻ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപീകരിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സംഭവം നോയിഡയിൽ വലിയ ചർച്ചയായിട്ടുണ്ട്. കൊലപാതകിയെയും കൊലപാതക കാരണം സംബന്ധിച്ചും ഉടൻ തന്നെ വ്യക്തമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.