ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിൽ മാറ്റമില്ല. പ്രധാനമന്ത്രി ഇന്ന് രാവിലെ എട്ട് മണിക്ക് ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.(No change in Prime Minister's visit to Bhutan, will inaugurate hydroelectric project)
ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് പുറമെ, ഭൂട്ടാനിലെ 1020 മെഗാവാട്ടിന്റെ പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യും.
ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്ക് എന്നും, അദ്ദേഹത്തെ ആദരിക്കുന്നതിനുള്ള പ്രത്യേക സന്ദർശനമാണിതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സുരക്ഷാ മുൻകരുതലുകളോടെ പ്രധാനമന്ത്രിയുടെ ഈ സുപ്രധാന വിദേശ സന്ദർശനം.