ഡൽഹി : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ തുറന്ന് കാട്ടിയ വാർത്താസമ്മേളനമാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ മാത്രമല്ല പ്രകടമായ പക്ഷപാതവും പൂർണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.ഭരിക്കുന്ന പാർട്ടിയോ പ്രതിപക്ഷമോ എന്ന വിവേചനമില്ലെന്ന കമ്മീഷന്റെ വാക്കുകൾ കേട്ടപ്പോൾ പരിഹാസ്യം തോന്നി.രാഹുലിന്റെ ആരോപണങ്ങൾക്ക് കമ്മീഷൻ കൃത്യമായ മറുപടി നൽകിയില്ല. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് കമ്മീഷൻ ഓടി ഒളിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
അതേ സമയം, രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം പൂർണമായി തള്ളുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്. വോട്ട കൊള്ള എന്ന ആരോപണം ഉന്നയിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
കേവലം രാഷ്ട്രീയലക്ഷ്യം മാത്രമുള്ള ഇത്തരം ആരോപണങ്ങളെ വോട്ടര്‍മാരോ തിരഞ്ഞെടുപ്പ് കമ്മിഷനോ ഭയപ്പെടുന്നില്ല. ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാംഗ്മൂലം സമര്‍പ്പിക്കണം. അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും രാഹുലിനോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.