ന്യൂഡൽഹി: ബി.ജെ.പി.യുടെ പുതിയ വർക്കിംഗ് പ്രസിഡന്റായി നിതിൻ നബീൻ ചുമതലയേറ്റു. പാർലമെന്ററി ബോർഡ് യോഗം ചേർന്നാണ് അദ്ദേഹത്തെ നിയമിച്ചത്. ജനുവരിയിൽ അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനാണ് സാധ്യതയെന്നാണ് സൂചന. നിലവിൽ ജെ.പി. നദ്ദയാണ് പാർട്ടി അധ്യക്ഷൻ. അദ്ദേഹം തൽക്കാലം തുടരും. 2019-ൽ ജെ.പി. നദ്ദ ദേശീയ വർക്കിംഗ് പ്രസിഡന്റായ ശേഷമാണ് അധ്യക്ഷസ്ഥാനത്തേക്ക് എത്തിയത്. സമാനമായ രീതിയിൽ നിതിൻ നബീൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴി ഒരുങ്ങുന്നത്.(Nitin Nabin to take charge as new BJP president in January )
പാർട്ടി നേതൃത്വ ചർച്ചകളിൽ ഒട്ടും ഉയർന്നു വരാതിരുന്ന 45-കാരനായ നിതിൻ നബീന്റെ നിയമനം അപ്രതീക്ഷിതമാണെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ഈ നിയമനം വഴി, യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മടിയില്ലെന്ന ശക്തമായ സന്ദേശമാണ് ബി.ജെ.പി. നൽകുന്നത്. നിലവിൽ ബീഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നിതിൻ നബീൻ.
കേരളം ഉൾപ്പെടെ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ നബീന്റെ നേതൃത്വത്തിലാകും നടക്കുക. മുതിർന്ന ബി.ജെ.പി. നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് ഇദ്ദേഹം. അധ്യക്ഷസ്ഥാനത്തേക്ക് മുന്നോക്ക വിഭാഗത്തിൽ നിന്നൊരാൾ എത്തണമെന്ന ധാരണയും ഈ നിയമനത്തിലൂടെ വ്യക്തമാകുന്നു.
നിതിൻ നബീന്റെ നിയമനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രശംസിച്ചു. "നിതിൻ നബീന്റെ ഊർജ്ജവും സമർപ്പണവും പാർട്ടിയെ വരും കാലത്ത് ശക്തമാക്കും," എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. "ബി.ജെ.പി.ക്കായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കൾക്കുള്ള അംഗീകാരമാണിത്," എന്ന് അമിത് ഷാ പ്രതികരിച്ചു. നിയമനത്തിൽ പാർട്ടി ഉന്നത നേതൃത്വത്തിന് നിതിൻ നബീൻ നന്ദി അറിയിച്ചു.