ന്യൂഡൽഹി: നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഒഴിവിലേക്ക് നിതിൻ നബീൻ എത്തുമ്പോൾ, ബിജെപി അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് അപ്രതീക്ഷിതമായി നിതിൻ നബീൻ ഈ ഉന്നത സ്ഥാനത്തേക്ക് കടന്നുവന്നത്.(Nitin Nabin is the new national president of BJP, Announcement tomorrow)
പത്ത് വർഷക്കാലം ആർഎസ്എസിൽ സജീവമായി പ്രവർത്തിച്ച പാരമ്പര്യമുള്ള നിതിൻ, യുവമോർച്ചയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. മുതിർന്ന ബിജെപി നേതാവായിരുന്ന നബീൻ കിഷോർ സിൻഹയുടെ മകനാണ്. 2006-ൽ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ബങ്കിപൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.
ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ പൊതുമരാമത്ത്, നഗരവികസനം, നിയമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ഛത്തീസ്ഗഢ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായി പ്രവർത്തിച്ച് മികച്ച സംഘടനാ മികവ് തെളിയിച്ചിട്ടുണ്ട്. 2025 ഡിസംബറിലാണ് അദ്ദേഹം ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്.
നിതിൻ നബീൻ അധ്യക്ഷനായി ചുമതലയേറ്റാൽ തൊട്ടുപിന്നാലെ വരുന്ന നിർണ്ണായക സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന പ്രധാന ദൗത്യം. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുക എന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരിക്കും.