

ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കിയ നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം തികഞ്ഞു. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് നോട്ട് നിരോധനത്തെ കുറിച്ച് പ്രഖ്യാപിക്കുന്നത്. 500-ന്റെയും 1000-ന്റെയും നോട്ടുകളാണ് അന്ന് നിയമപരമല്ലാതാക്കിയത്. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക, തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന് കച്ചവടത്തിനും പണം എത്തുന്നത് ഇല്ലാതാക്കുക തുടങ്ങിയവയായിരുന്നു നോട്ട് നിരോധനം വഴി കേന്ദ്ര സർക്കാർ പ്രധാനമായും ലക്ഷ്യമിട്ടത്. (Demonetisation)
എന്നാൽ ഈ അപ്രതീക്ഷിത നീക്കം ജനജീവിതത്തെ വലിയ തോതിൽ ബാധിച്ചു. പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയവ മാറ്റിവാങ്ങാനും വേണ്ടി ജനങ്ങൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂവിൽ ദിവസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നു. ഈ ദുരിതത്തിനിടെ രാജ്യത്തുടനീളം ഏകദേശം എൺപതോളം പേരാണ് കുഴഞ്ഞു വീണ് മരിച്ചത്. 2016 നവംബർ എട്ടാം തീയതി വരെ ക്രയവിക്രയത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 85 ശതമാനത്തോളവും അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളായിരുന്നു. എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016-17 വാർഷിക റിപ്പോർട്ട് അനുസരിച്ച്, നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇപ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടിന്റെ ഉപയോഗത്തിന് കുറവില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു.
Summary: Nine years ago today, on November 8, 2016, Prime Minister Narendra Modi announced the controversial demonetisation of ₹500 and ₹1000 currency notes, aimed at curbing black money and terrorist financing.