
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി(Nimisha Priya). നിമിഷ പ്രിയയ്ക്കു വേണ്ടി കുടുംബത്തിന് നിയമസഹായം നൽകി. അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇതൊരു സെൻസിറ്റീവ് വിഷയമാണ്. ഇന്ത്യാ ഗവൺമെന്റ് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. കുടുംബത്തിന് നിയമസഹായം നൽകുകയും ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷ പ്രിയയുടെ കുടുംബത്തിന് മറുവശത്തുമായി ഒരു പൊതു ധാരണയിലെത്താൻ കൂടുതൽ സമയം ലഭിക്കുന്നതിനാണ് ഇത് ചെയ്തത്." - വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി
അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ ബഹുമുഖ ചർച്ചകളെ തുടർന്ന് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുകയായിരുന്നു.