ന്യൂഡൽഹി : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്ക്കാകാം കാരണമായത് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിരന്തരമായ ശ്രമം ആണെന്ന് പറഞ്ഞ് കേന്ദ്രം. ഇക്കാര്യമുള്ളത് കേന്ദ്ര സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിലാണ്.(Nimisha Priya's case )
ജയിൽ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെട്ടുവെന്നും, എന്നാൽ വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് കുടുംബം ഇതുവരെയും യോജിച്ചിട്ടില്ല എന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേസ് അവസാനിച്ചിട്ടില്ല എന്നും, യെമൻ അധികൃതർ കേസ് മാറ്റിവയ്ക്കാൻ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യമറിയിച്ചത് ആക്ഷൻ കൗൺസിലാണ്. ഇന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ തലാലിൻ്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. പ്രതീക്ഷയുണർത്തുന്ന സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.
ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ആണ്. കൂടാതെ, കേന്ദ്ര സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
ഇവർക്കെതിരായ കേസ് യെമൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്ന് കഷ്ണങ്ങളാക്കി വീടിന് മുകളിലെ വാട്ടർ ടാങ്കിൽ തള്ളിയെന്നതാണ്. ഇത് നടന്നത് 2017-ലാണ്. നിലവിൽ നിമിഷ പ്രിയ സനയിലെ ജയിലിലാണ് ഉള്ളത്.