

ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന 'രാജാ സാബ്' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടി നിധി അഗർവാളിന് നേരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദ് ലുലു മാളിൽ നടന്ന പരിപാടിക്ക് ശേഷം മടങ്ങവെയാണ് താരം ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങിയത്. താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വകവെക്കാതെ ആരാധകർ നടിയെ തൊടാനും വസ്ത്രത്തിൽ പിടിച്ചു വലിക്കാനും ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിയന്ത്രണം വിട്ട ആൾക്കൂട്ടം:
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നിധിയെ കണ്ട് ആരാധകർ ഇരച്ചെത്തുകയായിരുന്നു. സെൽഫി എടുക്കാനെന്ന വ്യാജേന എത്തിയവർ താരത്തോട് മോശമായി പെരുമാറുകയും വസ്ത്രത്തിൽ പിടിച്ചു വലിക്കുകയും ചെയ്തു.ബോൺസർമാർ ഏറെ പണിപ്പെട്ടാണ് നിധിയെ കാറിലേക്ക് എത്തിച്ചത്. കാറിൽ കയറിയ ഉടൻ ഭയചകിതയായ നടി "ദൈവമേ, എന്തായിരുന്നു അവിടെ നടന്നത്?" എന്ന് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോകളിൽ വ്യക്തമാണ്.
സുരക്ഷാ വീഴ്ച:
പരിപാടിക്ക് മതിയായ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും, പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ഗായിക ചിന്മയി ശ്രീപദ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "ഒരു കൂട്ടം പുരുഷന്മാർ ഹൈനകളേക്കാൾ (കഴുതപ്പുലി) മോശമായി പെരുമാറുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ഇത്തരക്കാരെയൊക്കെ മറ്റൊരു ഗ്രഹത്തിലേക്ക് അയക്കണം," എന്ന് ചിന്മയി പറഞ്ഞു.
മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'രാജാ സാബ്'. പ്രഭാസിനൊപ്പം നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരാണ് നായികമാർ. സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജനുവരി ഒമ്പതിനാണ് തീയേറ്ററുകളിലെത്തുന്നത്.