മുംബൈ: നവി മുംബൈയിൽ മൂന്ന് ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഒരു കുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാൽ വളർത്താൻ കഴിയില്ലെന്ന് കാട്ടി മാതാപിതാക്കൾ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് അതിൽ വച്ചിട്ടുണ്ടെന്ന് പോലീസ് ഞായറാഴ്ച പറഞ്ഞു.(Newborn found dumped in basket in Navi Mumbai)
നവി മുംബൈയിലെ പൻവേൽ പ്രദേശത്തെ തക്ക കോളനിയിലെ റോഡരികിൽ നീല നിറത്തിലുള്ള കുട്ടയിൽ കുഞ്ഞ് കിടക്കുന്നതായി ശനിയാഴ്ച ഒരു പ്രദേശവാസി പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി ഏറ്റെടുത്തു.
തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാൽ കുട്ടിയെ വളർത്താൻ കഴിയില്ലെന്നും ഇംഗ്ലീഷിൽ എഴുതിയ ഒരു കുറിപ്പും കണ്ടെത്തി. പോലീസ് കുഞ്ഞിനെ ശിശുരോഗ വിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി, അദ്ദേഹം കുഞ്ഞിനെ പരിശോധിച്ചപ്പോൾ കുഴപ്പമൊന്നും ഉള്ളതായി കണ്ടെത്തിയില്ല. പെൺകുഞ്ഞിൻ്റെ മാതാപിതാക്കളെ അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.