ചെന്നൈ : തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തിനടുത്ത് നവജാത ശിശുവിനെ വായിൽ ടിഷ്യൂ പേപ്പർ തിരുകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഭർത്താവ് കുഞ്ഞിനോട് കൂടുതൽ സ്നേഹം കാണിച്ചതിലുള്ള പകയാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
മാർത്താണ്ഡം കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശിനിയായ ക്കാരി ബെനിറ്റ ജയയാണ് (21) അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശിയായ കാർത്തിക്കാണ് ബെനിറ്റയുടെ ഭർത്താവ്. 42 ദിവസം മുൻപ് ഒരു പെൺകുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ബെനിറ്റ കുഞ്ഞുമായി തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ എത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ ബെനിറ്റയെയും കുഞ്ഞിനെയും കാണാൻ കാർത്തിക് മാതാപിതാക്കളുടെ വീട്ടിലെത്തി. കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ബെനിറ്റ ജയ കുറ്റം സമ്മതിച്ചത്. ഭർത്താവ് തന്നേക്കാൾ കൂടുതൽ സ്നേഹം കുഞ്ഞിന് നൽകിയത് കൊലപാതകത്തിന് കാരണമെന്നും അവർ പൊലീസിന് മൊഴി നൽകി.