ഉത്തര്‍പ്രദേശ് : ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗജ്രൗളയില്‍ സദ്ദാം അബ്ബാസി-അസ്മ ദമ്പതിമാരുടെ 26 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് സുഫിയാനാണ് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്. ശനിയാഴ്ച രാത്രി ഉറങ്ങുന്നതിനായി ദമ്പതിമാർ കുഞ്ഞിനെ കട്ടിലില്‍ ഒപ്പം കിടത്തുകയായിരുന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പോലീസും അറിയിച്ചു.
ഞായറാഴ്ച രാവിലെ, കുഞ്ഞിന് പാല് കൊടുക്കാന്‍ അസ്മ ഉണര്‍ന്നപ്പോള്‍ കുഞ്ഞ് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍തന്നെ ഗജ്രൗള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും പരിശോധനയ്ക്കു ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ജനിക്കുമ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളും പിന്നീട് മഞ്ഞപ്പിത്തവും ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.