ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്. കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും തന്റെ രാജ്യത്തിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ 'ന്യൂസിലാൻഡ് ഫസ്റ്റ്' പാർട്ടിയുടെ നേതാവ് കൂടിയായ പീറ്റേഴ്‌സ് പ്രതിഷേധവുമായി രംഗത്തെത്തിയത്.(New Zealand Foreign Minister strongly criticizes India-New Zealand trade agreement)
ന്യൂസിലാൻഡിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പാൽ, വെണ്ണ, ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കി. സ്വന്തം കർഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നിലപാട് ന്യൂസിലാൻഡ് കർഷകർക്ക് തിരിച്ചടിയാണെന്ന് അദ്ദേഹം വാദിക്കുന്നു. വ്യാപാരത്തേക്കാൾ കുടിയേറ്റത്തിനാണ് കരാർ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിവർഷം 5,000 തൊഴിൽ വിസകളും 1,000 വർക്കിംഗ് ഹോളിഡേ വിസകളും ഇന്ത്യൻ പൗരന്മാർക്ക് നൽകുന്നത് പ്രാദേശിക തൊഴിൽ വിപണിയെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.
മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കേണ്ട ചർച്ചകൾ രാഷ്ട്രീയ നേട്ടത്തിനായി ഒൻപത് മാസത്തിനുള്ളിൽ അവസാനിപ്പിച്ചത് 'നിലവാരമില്ലാത്ത' കരാറിന് കാരണമായെന്ന് അദ്ദേഹം വിമർശിച്ചു. വിമർശനങ്ങൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതാണ് കരാറിലെ വ്യവസ്ഥകൾ. ന്യൂസിലാൻഡിൽ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലാൻഡിൽ 100 ശതമാനം നികുതിരഹിത പ്രവേശനം ഉറപ്പാക്കും.
അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ മാനിക്കുന്നുണ്ടെങ്കിലും രാജ്യതാൽപര്യം ബലികഴിക്കില്ലെന്ന് പീറ്റേഴ്‌സ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും എന്നാൽ ഈ കരാറിനോട് വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.