ന്യൂഡൽഹി : പുതുവർഷാരംഭത്തോടെ രാജ്യത്തെ സാമ്പത്തിക, ഭരണ, സേവന മേഖലകളിൽ വലിയ മാറ്റങ്ങളാണ് നടപ്പിലാകാൻ പോകുന്നത്. ശമ്പള പരിഷ്കരണം മുതൽ മാലിന്യ സംസ്കരണം വരെ നീളുന്ന ഈ മാറ്റങ്ങൾ ഓരോ പൗരനെയും നേരിട്ട് ബാധിക്കുന്നവയാണ്.(New Year 2026, The country changes, so does the laws!)
എട്ടാം ശമ്പള കമ്മീഷൻ : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാകുന്നു. 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടറിൽ മാറ്റം വരുന്നതോടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർദ്ധനവുണ്ടാകും.
കുറഞ്ഞ നിരക്കിൽ സിഎൻജി - പിഎൻജി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നികുതി പുനഃക്രമീകരണത്തോടെ ജനുവരി 1 മുതൽ സിഎൻജി (CNG), പിഎൻജി (PNG) വിലകളിൽ വലിയ കുറവുണ്ടാകും. ഇത് സാധാരണക്കാർക്കും വാഹന ഉടമകൾക്കും വലിയ ആശ്വാസമാകും.
പാൻ-ആധാർ ലിങ്കിംഗ്: പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്തവർക്ക് ജനുവരി 1-ഓടെ കാർഡ് പ്രവർത്തനരഹിതമായേക്കാം. ബാങ്ക് ഇടപാടുകൾക്കും ആദായനികുതി റിട്ടേണുകൾക്കും ഇത് അത്യാവശ്യമാണ്.
കുപ്പിവെള്ളത്തിന് പുതിയ ഗുണനിലവാര മാനദണ്ഡം: പാക്കേജ്ഡ് കുടിവെള്ളത്തിന് നിർബന്ധിത BIS മാർക്ക് ഒഴിവാക്കാൻ FSSAI തീരുമാനിച്ചു. പകരം മൈക്രോബയോളജിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ ഗുണനിലവാര പരിശോധനകൾ നിർമ്മാതാക്കൾ പിന്തുടരേണ്ടി വരും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ചാർജ് വർദ്ധന: ഓൺലൈൻ ഗെയിമിംഗിന് 2% അധിക ചാർജും, പേടിഎം/ആമസോൺ വാലറ്റുകളിൽ തുക ലോഡ് ചെയ്യുമ്പോൾ (₹5000-ത്തിന് മുകളിൽ) 1% ഫീസും ഈടാക്കി തുടങ്ങും.
കേരളത്തിൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കിൽ ജനുവരി മുതൽ വർദ്ധനവുണ്ടാകും. പ്രതിമാസ പ്രീമിയം 500 രൂപയിൽ നിന്ന് 810 രൂപയായാണ് ഉയരുന്നത്. വൈദ്യുതി മേഖലയിലും പുതിയ മാറ്റങ്ങൾ വരുന്നുണ്ട്. പുനരുപയോഗ ഊർജ്ജം (സോളാർ) ഉപയോഗിക്കുന്നവർക്കായി പ്രത്യേക ബില്ലിംഗ് രീതിയും ഗ്രിഡ് സപ്പോർട്ട് ചാർജും കെഎസ്ഇബി നടപ്പിലാക്കും.
ഗതാഗത നിയമങ്ങളിലും കർശനമായ പരിഷ്കാരങ്ങൾ വരികയാണ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറകൾ നിർബന്ധമാക്കുന്നതിനൊപ്പം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. കൂടാതെ, മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തും. ഹരിതകർമ്മ സേനയ്ക്ക് മാലിന്യം നൽകാത്തവർക്കും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്തവർക്കും എതിരെ കനത്ത പിഴ ചുമത്തുന്ന രീതിയാകും ഇനി ഉണ്ടാവുക.