മുംബൈ : ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ നിന്നുള്ള ബാങ്കുകളെ എളുപ്പത്തിൽ തിരിച്ചറിയാനും ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ബാങ്കുകൾക്ക് പുതിയ വെബ് വിലാസം നിലവിൽ വന്നു. ഇനിമുതൽ ബാങ്കുകളുടെ ഔദ്യോഗിക വെബ് വിലാസം അവസാനിക്കുക .bank.in എന്നായിരിക്കും.(New web address for banking security, '.bank.in' domain comes into effect)
വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി തട്ടിപ്പുകൾ നടത്തുന്നതു തടയാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) പുതിയ ഡൊമെയ്ൻ സംവിധാനം നടപ്പാക്കിയത്. നവംബർ ഒന്നിനു മുൻപായി ഇത് നടപ്പാക്കാൻ ആർ.ബി.ഐ. നേരത്തെ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.
.bank.in എന്ന് അവസാനിക്കുന്ന വെബ് വിലാസം നോക്കി ഉപഭോക്താക്കൾക്ക് ബാങ്കുകളുടെ യഥാർഥ വെബ്‌സൈറ്റുകൾ തിരിച്ചറിയാൻ സാധിക്കും. ഈ ഡൊമെയ്ൻ വിലാസം രജിസ്റ്റർചെയ്ത ബാങ്കുകൾക്കുമാത്രമേ അനുവദിക്കൂ. ഐഡിആർബിടി (IDRBT) എന്ന സ്ഥാപനത്തിനാണ് ഈ വിലാസങ്ങളുടെ ചുമതല. ഇവിടെനിന്നുള്ള അനുമതിക്കുശേഷമേ ഡൊമെയ്‌നുകൾ ലഭിക്കൂ. അതിനാൽ തട്ടിപ്പുകാർക്ക് ഈ വിലാസം ഉപയോഗിക്കാനാവില്ല.
മുൻപ് ഉപയോഗിച്ചിരുന്ന വെബ് വിലാസം നൽകിയാൽ, പുതിയ വിലാസത്തിലേക്ക് മാറുന്നെന്ന സന്ദേശം കാണിച്ചശേഷം തനിയെ പുതിയ വിലാസത്തിലേക്ക് മാറുന്ന സംവിധാനമാകും നിലവിൽ വരിക.
ഇതേ രീതിയിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFC) പുതിയ ഡൊമെയ്‌നിലേക്ക് മാറും. എൻ.ബി.എഫ്.സികൾക്ക് .fin.in എന്ന രീതിയിലവസാനിക്കുന്ന വെബ് വിലാസമാണ് നിർദേശിച്ചിട്ടുള്ളത്. ഇത് നടപ്പാക്കുന്നതിനുള്ള സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ ഡൊമെയ്ൻ സംവിധാനം നിലവിൽ വരുന്നതോടെ ബാങ്കിങ് ഇടപാടുകളിലെ സുരക്ഷ വർധിക്കുമെന്നാണ് പ്രതീക്ഷ.