
ഗുരുഗ്രാം ദേശീയ ടെന്നീസ് താരം രാധിക യാദവ് കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. ജൂലൈ 10-ന് ഗുരുഗ്രാമിലെ സെക്ടര്‍ 57-ല്‍, അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് രാധികയെ അച്ഛന്‍ ദീപക് യാദവ് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ, രാധികയുടെ സുഹൃത്ത് ഹിമാന്‍ഷിക ഇന്‍സ്റ്റാഗ്രാമില്‍ പുറത്തുവിട്ട രണ്ട് വീഡിയോകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യ വീഡിയോയില്‍ രാധിക സ്വതന്ത്ര ചിന്തയുള്ളയാളായിരുന്നുവെന്നും വീട്ടില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവള്‍ക്ക് ശ്വാസംമുട്ടലായിരുന്നുവെന്നും രാധിക ഈ വിഷയം നേരത്തെ തന്നെ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ഹിമാന്‍ഷിക അവകാശപ്പെട്ടു.
രണ്ടാമത്തെ വീഡിയോയില്‍ രാധികയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍, അച്ഛന്‍ മൂന്ന് ദിവസമായി കൊലപാതകത്തിന് ഗൂഢാലോചന നടത്തിയിരുന്നുവെന്നും, റിവോള്‍വര്‍ കൊണ്ടുവന്നിരുന്നുവെന്നും, അമ്മയെ മറ്റൊരു മുറിയില്‍ അടച്ചുവച്ചെന്നും, സഹോദരനെ കള്ളം പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തു വിട്ടിരുന്നുവെന്നും ഹിമാന്‍ഷിക ആരോപിക്കുന്നു. ഹിമാന്‍ഷികയുടെ ഈ അവകാശവാദങ്ങള്‍ പരിശോധിക്കുന്നതിനായി, അവരെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ഹിമാന്‍ഷികയുടെ വീഡിയോകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ യാഥാര്‍ത്ഥ്യമുണ്ടോ എന്ന് അന്വേഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹിമാന്‍ഷികക്ക് മുന്‍കൂട്ടി സംശയം ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഈ വിവരം പോലീസിനെ നേരത്തെ അറിയിക്കേണ്ടതായിരുന്നു എന്നാണ് പോലീസ് വാദം.