നാഗ്പൂർ: ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ പുതിയ തലമുറയ്ക്ക് അവസരം നൽകാനായി പഴയ തലമുറയിലുള്ളവർ ക്രമേണ പിൻവാങ്ങണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.(New people should come in, Nitin Gadkari on age limit in BJP)
അടുത്ത തലമുറ പ്രധാനപ്പെട്ട ചുമതലകൾ ഏറ്റെടുക്കണം. വാഹനം സുഗമമായി ഓടാൻ തുടങ്ങുമ്പോൾ നമ്മൾ പിൻവാങ്ങി മറ്റെന്തെങ്കിലും ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫെബ്രുവരി 6 മുതൽ 8 വരെ നാഗ്പൂരിൽ നടക്കുന്ന 'അഡ്വാന്റേജ് വിദർഭ' എക്‌സ്‌പോയുടെ ലക്ഷ്യം വിദർഭയെ ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കുക എന്നതാണ്. ഇതിൽ യുവ സംരംഭകരെ ഉൾപ്പെടുത്തിയതിനെ അദ്ദേഹം അഭിനന്ദിച്ചു.
ഐടി, പ്രതിരോധം, സ്റ്റാർട്ടപ്പുകൾ, പുനരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ ഈ എക്സ്പോയിൽ പങ്കെടുക്കും. ഗഡ്കരിയുടെ ഈ പ്രസ്താവനയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപിയിൽ 75 വയസ്സ് എന്നത് ഒരു 'അനൗദ്യോഗിക വിരമിക്കൽ' പ്രായമായി കണക്കാക്കപ്പെടുന്നു.
2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവതിനും 75 വയസ്സ് തികഞ്ഞിരുന്നു. 75 വയസ്സ് തികയുന്നവരെ ആദരിക്കുന്നത് അവർക്ക് വിശ്രമിക്കാനും മറ്റുള്ളവർക്ക് വഴിമാറാനുമുള്ള സമയമായതിന്റെ സൂചനയാണെന്ന് മോഹൻ ഭാഗവത് മുൻപ് പരോക്ഷമായി പറഞ്ഞിരുന്നു.