ന്യൂഡൽഹി: കേന്ദ്ര സർക്കാർ 26 തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് ലേബർ കോഡുകൾക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുൾപ്പെടെ പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായി ഈ വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പ്രതിഷേധത്തിൽ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) അണിചേരുമെന്ന് അറിയിച്ചിട്ടുണ്ട്.(New labour law, Trade unions join hands for nationwide protest)
സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രസ്താവനയിലൂടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രം 'ചങ്ങാത്ത മുതലാളിത്തത്തിൻ്റെ' താൽപ്പര്യങ്ങൾ മാത്രമാണ് പരിഗണിച്ചത്. തൊഴിലില്ലായ്മ കാരണം ദുരിതത്തിലായ ജനതയെ കൂടുതൽ വിഷമത്തിലാക്കുന്നതാണ് പുതിയ നിയമങ്ങൾ. ബിഹാർ തിരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിലാണ് കേന്ദ്രം ഈ നിയമങ്ങൾ നടപ്പാക്കിയത്.
നാല് ലേബർ കോഡുകളും പിൻവലിക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ (പി.ബി) ആവശ്യപ്പെട്ടു."ജംഗിൾ രാജ് സ്ഥാപിക്കാനും, തൊഴിലാളികളുടെ അവശേഷിക്കുന്ന അവകാശങ്ങളുടെ മേലും ബുൾഡോസർ കയറ്റുന്ന നടപടിയാണ്" പുതിയ ലേബർ കോഡുകൾ എന്നും പി.ബി. പ്രസ്താവനയിൽ വിമർശിച്ചു.
കർഷക സംഘടനകളും ട്രേഡ് യൂണിയനുകൾക്കൊപ്പം പ്രതിഷേധത്തിൽ ചേരും. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലും, ഡൽഹിയിൽ ജന്തർ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. അതേസമയം, ബി.എം.എസ്. (ഭാരതീയ മസ്ദൂർ സംഘം) പുതിയ തൊഴിൽ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുയർത്തിയ യൂണിയനുകളുമായി ചർച്ച നടത്താനും നിയമത്തിൽ വരുത്തേണ്ട നിർദ്ദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയ്യാറാകുമെന്നാണ് സൂചന.
ട്രേഡ് യൂണിയനുകളുടെ കനത്ത പ്രതിഷേധത്തിന് കാരണം നിയമത്തിലെ കർശന നിയന്ത്രണങ്ങളാണ്. ആകെ തൊഴിലാളികളുടെ പത്ത് ശതമാനമോ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾക്ക് പ്രവർത്തനം അനുവദിക്കൂ എന്ന വ്യവസ്ഥ ഇതിൽ പ്രധാനമാണ്.