ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സംയുക്ത തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 26-ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ സംഘടനകൾ ആഹ്വാനം ചെയ്തു.(New labour codes, Joint labour organizations to intensify protest)
പുതിയ തൊഴിൽ നിയമങ്ങൾ സാധാരണ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് സംയുക്ത തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് വിജയം നൽകിയ 'ഭ്രമ'ത്തിലാണ് കേന്ദ്ര സർക്കാർ ഈ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ പുതിയ കോഡുകൾ കൂടുതൽ ദുരിതത്തിലാക്കും.
ചങ്ങാത്ത മുതലാളിത്തത്തിന്റെ താൽപര്യങ്ങൾ മാത്രമാണ് കേന്ദ്രം പുതിയ ലേബർ കോഡുകളിലൂടെ പരിഗണിച്ചതെന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി അടക്കം പത്ത് തൊഴിലാളി സംഘടനകളാണ് സംയുക്ത തൊഴിലാളി യൂണിയനിൽ ഉൾപ്പെട്ടിരിക്കുന്നത്. തൊഴിലാളി സംഘടനകൾക്ക് പുറമേ സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിൽ അണിചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഈ പ്രക്ഷോഭം വലിയ പ്രതിഷേധമായി മാറുമെന്നാണ് പ്രതീക്ഷ.