കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബിജെപി മുൻ അംഗം കൂടിയായ അദ്ദേഹത്തിന്റെ നീക്കം. മുൻപ് ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം ‘ചരിത്രപരമായ തെറ്റായിരുന്നു’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Netaji’s grandnephew Chandra Bose joins TMC after quitting BJP)
തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബിജെപിയുടെ ഭാഗമായതിലൂടെ എനിക്ക് വലിയൊരു തെറ്റ് പറ്റി. അത് ഇപ്പോൾ ഞാൻ തിരുത്തിയിരിക്കുന്നു. ബംഗാളിന്റെ ചരിത്രവും പാരമ്പര്യവും സംസ്കാരവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല,” ചന്ദ്രകുമാർ ബോസ് പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തത്വങ്ങളിൽ ബിജെപി വിശ്വസിക്കുന്നില്ലെന്നും നേതാജിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കാൻ അവിടെ അനുവാദമില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളായ ബ്രാത്യ ബസു, കീർത്തി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചന്ദ്രകുമാർ ബോസ് പാർട്ടിയിൽ ചേർന്നത്. “ബിജെപിയുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു ‘ഘർ വാപ്സി’ ആണ്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരാൾ മതേതരമായ ഒരിടത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു,” പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു പ്രതികരിച്ചു.

