

ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗതയുമാണ് പല റോഡ് അപകടങ്ങൾക്കും കാരണം. നിരവധി പേരാണ് ഒരു തെറ്റുപോലും ചെയ്യാതെ ഇങ്ങനെയുള്ള അവകടങ്ങളിൽ പെട്ട് മരിക്കുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഹൈവേയിലൂടെ ഓടുന്ന ബസില്‍ നിന്നുള്ള ഡ്രൈവർമാരുടെ അഭ്യാസ പ്രകടനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നാലെ ഡ്രൈവർമാര്‍ക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. (Driver)
ഹൈവേയിലൂടെ അത്യാവശ്യം വേഗത്തില്‍ പോകുമ്പോൾ രണ്ട് ബസ് ഡ്രൈവർമാർ വാഹനത്തിൽ വെച്ച് സീറ്റുകൾ പരസ്പരം മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ബസ്സിനുള്ളിലെ സാധാരണക്കാരായ നിരവധി മനുഷ്യരുടെ ജീവന് യാതൊരു വിലയും നൽകാതെയാണ് ഡ്രൈവർമാരുടെ ഈ പ്രകടനം. ദൃശ്യങ്ങളിൽ ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു ഡ്രൈവർ യാതൊരു ധൃതിയുമില്ലാതെ സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നത് കാണാം. ഉടൻ തന്നെ രണ്ടാമത്തെയാൾ ഡ്രൈവറുടെ സീറ്റിലേക്ക് മാറുകയും സ്റ്റിയറിംഗ് വീൽ ഏറ്റെടുത്ത് ഓടിക്കുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിച്ചത് ബസ് ഹൈവേയിലൂടെ അതിവേഗം കടന്ന് പോകുമ്പോൾ. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. സമൂഹ മാധ്യമ ഉപയോക്താക്കൾ സാധാരണക്കാരുടെ ജീവന്‍റെ സുരക്ഷയെന്തെന്നായിരുന്നു ചോദിച്ചത്.
രണ്ട് തരം പ്രതികരണങ്ങളാണ് ഉണ്ടായത്. ഒന്ന് ബസിന് ഉള്ളിലെ യാത്രക്കാരില്‍ നിന്നും. ബസിലെ യാത്രക്കാര്‍ ഡ്രൈവർമാരുടെ ഈ അഭ്യാസം കണ്ടെങ്കിലും ആരും ഒന്നും തന്നെ പ്രതികരിച്ചില്ല. അവര്‍ നിസഹായരായി എല്ലാം കണ്ടിരുന്നു. എന്നാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ ശക്തമായ നടപടി വേണമെന്നും നിരവധി ആളുകൾ പ്രതികരിച്ചു. ദൃശ്യങ്ങൾ രാജസ്ഥാൻ പോലീസിന് ടാഗ് ചെയ്തു. ഇത് വെറും അശ്രദ്ധയല്ലെന്നും ആളുകളുടെ ജീവൻ വെച്ച് കളിക്കുകയാണ് എന്നാണ് രൂക്ഷഭാഷയിൽ ഒരാൾ കമൻറ് ചെയ്തത്. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നിരവധി പേർ രംഗത്തെത്തി. ദൃശ്യങ്ങളിലെ ബസ്, സ്വകാര്യ ബസ് ഓപ്പറേറ്ററായ ശാന്തിനാഥ് ട്രാവൽസിന്‍റെതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംഭവത്തിന്‍റെ സമയമോ കൃത്യമായ സ്ഥലമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ വിഷയത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.