ഡൽഹി : ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടനപത്രി. സ്വാശ്രയത്വമുള്ളതും വികസിതവുമായ ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പത്രികയിലുള്ളത്. ഇത് കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ബിഹാറിന്റെ സമഗ്രവികസനം ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തെ ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഇതിന്റെ ഫലമായി സംസ്ഥാനം ഇന്ന് വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഈ വേഗം കൂടുതൽ ത്വരിതപ്പെടുത്താനും മികച്ച ഭരണം കാഴ്ചവെക്കാനും ജനങ്ങളുടെ സമൃദ്ധി ഉറപ്പുവരുത്താനും തങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നുവെന്ന് മോദി മറ്റൊരു എക്സ് പോസ്റ്റിൽ കുറിച്ചു.
അതേ സമയം, തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉള്ളത്. ഒരു കോടിയാളുകൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് പ്രധാന വാഗ്ദാനം.നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി സിൽസ് സെൻസസ് , എല്ലാ ജില്ലകളിലും മെഗാ സിൽ സെന്ററുകൾ, സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.