ഡല്‍ഹി : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സഖ്യത്തിലെ മുഖ്യ കക്ഷികളായ ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) 29 സീറ്റുകൾ നൽകി.
ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയാണ് ആറു സീറ്റുകളിൽ ഒതുങ്ങിയത്.കേന്ദ്രമന്ത്രിയും ബിഹാര്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം, എൻഡിഎ സീറ്റു വിഭജനം പൂർത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്നാണ് ആകാംക്ഷ.243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ മാസം ആറ്, പതിനൊന്ന് തീയതികളില്‍ രണ്ടുഘട്ടമായാണ് നടക്കുക.