പട്ന: ബിഹാറിൽ വൻ വിജയം നേടിയ എൻ.ഡി.എ. സഖ്യം സർക്കാർ രൂപീകരണ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ്. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ ഒഴിവാക്കിയ സഖ്യം, നിർണായകമായ അധികാര പങ്കാളിത്ത ഫോർമുലയിൽ ധാരണയിലെത്തി. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. 'ഏഴ് എം.എൽ.എമാർക്ക് ഒരു മന്ത്രി' എന്ന ഫോർമുല സ്വീകരിച്ചതോടെ ബി.ജെ.പി.ക്കും ജെ.ഡി.യു.വിനും മന്ത്രിസഭയിൽ ഏകദേശം തുല്യ പ്രാതിനിധ്യം ലഭിക്കും.(NDA government formation in Bihar, Two deputy chief ministers?)
രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. ഇതിൽ ഒരു ഉപമുഖ്യമന്ത്രി പദം ലോക് ജനശക്തി പാർട്ടിക്ക് (എൽ.ജെ.പി.) നൽകാനും രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബി.ജെ.പി. നിലനിർത്താനും ധാരണയായിട്ടുണ്ട്. ബി.ജെ.പി.യിൽ നിന്ന് രാം കൃപാൽ യാദവ്, എൽ.ജെ.പി.യിൽ നിന്ന് രാജു തിവാരി എന്നിവർ ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നു.
നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് നിതീഷ് കുമാർ ഇന്നോ നാളെയോ ഗവർണറെ കാണും. ഈ മാസം 20-നകം സത്യപ്രതിജ്ഞ ചെയ്യാനാണ് എൻ.ഡി.എ.യുടെ ആലോചന. എല്ലാ നിയുക്ത എം.എൽ.എമാർക്കും പട്നയിൽ തുടരാൻ ബി.ജെ.പി., ജെ.ഡി.യു. നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ബി.ജെ.പി.യുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ അധ്യക്ഷൻ ആരെന്ന കാര്യത്തിൽ ബി.ജെ.പി. നേതൃതലത്തിൽ ഏകദേശ ധാരണയായതായാണ് സൂചന. പാർട്ടിയുടെ ആദ്യ വനിതാ അധ്യക്ഷ വരുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.
ബിഹാർ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ നടപടികൾ നിർത്തിവെച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും പൂർത്തിയാക്കിയിട്ടുണ്ട്.