ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ രണ്ട് പേരെ ഉഡുപ്പിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് പിടിയിലായത്. ദേശസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിയ പ്രവർത്തനത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.(Navy secrets leaked to Pakistan, 2 people arrested)
കൊച്ചിൻ ഷിപ്പ്‌യാർഡ് മാൽപെ-ഉഡുപ്പി സി.ഇ.ഒ. മാൽപെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രോഹിത്, മെസ്സേഴ്സ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് മാൽപെ-ഉഡുപ്പി യൂണിറ്റിൽ കരാർ ജോലി ഏറ്റെടുത്ത കമ്പനിയാണിത്. നിലവിൽ മാൽപെ-ഉഡുപ്പി ഷിപ്പ്‌യാർഡിൽ ഇൻസുലേറ്ററായി ജോലി ചെയ്യുകയായിരുന്നു രോഹിത്.
രോഹിത് മുൻപ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ എണ്ണം ഉൾപ്പെടെ നിരവധി രഹസ്യ വിവരങ്ങൾ രോഹിത് വാട്‌സ്ആപ്പ് വഴി പാകിസ്ഥാന് കൈമാറിയിരുന്നു. ഇതിന് ഇയാൾ പ്രതിഫലം പറ്റിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തി.
പിന്നീട് രോഹിതിനെ കമ്പനി മാൽപെ-ഉഡുപ്പി യൂണിറ്റിലേക്ക് സ്ഥലംമാറ്റി. ഉഡുപ്പിയിലെത്തിയ ശേഷവും ഇയാൾ വിവരങ്ങൾ ശേഖരണം തുടർന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനായി കൊച്ചിയിൽ ഒപ്പം ജോലി ചെയ്തിരുന്ന നാട്ടുകാരനും സുഹൃത്തുമായ ശാന്ത്രിയുടെ സഹായം രോഹിത് തേടി. ശാന്ത്രി വിവരങ്ങൾ രോഹിതിന് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായി.
പ്രതികളെ ഡിസംബർ മൂന്ന് വരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർന്നത് അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.