
മുംബൈ: പൻവേലിനടുത്തുള്ള ഉൽവെയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് റിപ്പോർട്ട്(Navi Mumbai International Airport). 16,000 കോടി രൂപ ചിലവിൽ ഏകദേശം 2,865 ഏക്കറിൽ നിർമ്മിച്ച വിമാനത്താവളത്തിലെ 4 ടെർമിനലുകളിലായി പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് വിലയിരുത്തൽ.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാഗേജ് ക്ലെയിം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മുംബൈ-പൂനെ എക്സ്പ്രസ് വേ, ഗോവ ഹൈവേ, ജെഎൻപിടി തുറമുഖം എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന് ഒന്നിലധികം ഗതാഗത ഇടനാഴികളിലൂടെ നഗരവുമായി ബന്ധിപ്പിക്കാനാവും.