ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ കെ. അണ്ണാമലൈക്ക് ദേശീയ പദവി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലത്തിൽ അണ്ണാമലൈയെ ഉപയോഗപ്പെടുത്തുമെന്നായിരുന്നു അമിത് ഷായുടെ പരാമർശം. നൈനാർ നാഗേന്ദ്രനെ പുതിയ പാർട്ടി യൂണിറ്റ് മേധാവിയായി നാമനിർദ്ദേശം ചെയ്തതിന് പിന്നാലെയായിരുന്നു ഷാ ഇക്കാര്യം അറിയിച്ചത്.
നേരത്തെ അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ബിജെപി സഖ്യം ഉപേക്ഷിച്ച അണ്ണാ ഡിഎംകെ വീണ്ടും എൻഡിഎ സഖ്യത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലെ അഴിച്ച് പണിക്ക് പിന്നിലെന്നാണ് വിവരം. 2023 സെപ്തംബറില്‍ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്.
ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിൽ അമിത് ഷാക്കൊപ്പം എടപ്പാടി പളനിസാമിയും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പളനിസാമി നയിക്കുമെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുമെന്നും അമിത് ഷാ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഒപ്പം അണ്ണാമലൈ ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുമെന്ന സൂചനയും നൽകി.