ഹരിയാന: ബാസ്കറ്റ് ബോൾ പരിശീലനത്തിനിടെ പോൾ ഒടിഞ്ഞുവീണ് പതിനാറുകാരനായ ദേശീയ താരം ഹാർദ്ദിക്ക് ദാരുണമായി മരിച്ചു. റോത്തക്കിലെ ലഖൻ മജ്ര ഗ്രാമത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിലാണ് അപകടം നടന്നത്.(National player dies after broken pole falls on him during basketball practice)
ബാസ്കറ്റ് ബോൾ കളിക്കാനെത്തിയ ഹാർദ്ദിക്ക്, ബോളെടുത്ത് ബാസ്കറ്റിലേക്ക് ഇട്ട ശേഷം പോളിൽ തൂങ്ങി. ഈ സമയം ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോൾ ഒടിഞ്ഞ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നിലത്തുവീണ ഹാർദ്ദിക്കിന്റെ നെഞ്ചിലാണ് പോൾ ഇടിച്ചത്.
സുഹൃത്തുക്കൾ ഉടൻ ഓടിയെത്തി പോൾ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാർദ്ദിക്ക് ദേശീയ യൂത്ത് ചാംപ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.
ഹാർദ്ദിക്കിന്റെ മരണത്തെത്തുടർന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്നി പറഞ്ഞു.