

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജ് അംഗീകാരവുമായി ബന്ധപ്പെട്ട ദേശീയ മെഡിക്കൽ കമ്മീഷൻ കോഴക്കേസ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രംഗത്ത്. ആന്ധ്രാപ്രദേശ് മുതൽ ഡൽഹി വരെയുള്ള സംസ്ഥാനങ്ങളിലെ പതിനഞ്ച് സ്ഥലങ്ങളിൽ ഇ.ഡി. പരിശോധന ആരംഭിച്ചു.(National Medical Commission bribery case, ED raids 15 places)
200 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ ഉദ്യോഗസ്ഥരുമായി കോഴ ഇടപാട് നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സി.ബി.ഐ. കേസെടുത്തിരുന്നു.
സി.ബി.ഐ. കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം ഏറ്റെടുത്തത്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലാണ് നിലവിൽ ഇ.ഡി. പരിശോധന നടത്തുന്നത്. രാജ്യത്തെ ഏഴ് മെഡിക്കൽ കോളേജുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.