

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപ്പീലിലാണ് കോടതിയുടെ ഇടപെടൽ. സ്റ്റേ ആവശ്യത്തിലുൾപ്പെടെ മറുപടി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.(National Herald case, Delhi High Court issues notice to Sonia Gandhi and Rahul Gandhi)
വിചാരണക്കോടതിയുടെ നടപടി നിയമപരമായി തെറ്റാണെന്നും ഇത് ഇഡി അന്വേഷിക്കുന്ന മറ്റ് കേസുകളെ കൂടി ദോഷകരമായി ബാധിക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ഡൽഹി റൗസ് അവന്യൂ കോടതി നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ, 'യംഗ് ഇന്ത്യൻ' എന്ന കമ്പനി ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് കേസ്. വിചാരണക്കോടതി ഉത്തരവിനെതിരെ ഇഡി നൽകിയ അപ്പീലിൽ വിശദമായ വാദം കേൾക്കുന്നതിനായി കോടതി കേസ് മാറ്റിവെച്ചു.