മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് (Nashik IT Firm Sexual Abuse). സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്താർ എന്നീ അഞ്ച് ടീം ലീഡർമാരെയും രണ്ട് ഉദ്യോഗസ്ഥരെയുമാണ് പോലീസ് പിടികൂടിയത്. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വനിതാ എച്ച്ആർ പ്രതിനിധിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 18-25 വയസ്സുള്ള യുവതികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ജോലിയിൽ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഇവരെ ലൈംഗികമായി ചൂഷണം ചെയ്തു. ജോലി ചെയ്യുന്ന പെൺകുട്ടികളെ ഇസ്ലാമിക പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കാനും ബീഫ് കഴിക്കാൻ നിർബന്ധിക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പീഡനത്തിന് ശേഷം ഇവരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് സംശയിക്കുന്നു.
പീഡനവിവരങ്ങൾ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനും പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമാണ് എച്ച്ആർ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനുള്ളിൽ പെൺകുട്ടികളുടെ പരാതികൾ അവഗണിക്കപ്പെട്ടതായാണ് കണ്ടെത്തൽ. എട്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ ഒൻപത് ഇരകളുടെ പരാതിയിൽ ഒൻപത് വ്യത്യസ്ത എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തു. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു.

