

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ വിജയം ആഘോഷിക്കാൻ ബിജെപി (BJP) ദേശീയ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. ഇത് ആഘോഷിക്കേണ്ട ദിവസമാണ്, ബിഹാർ ജനത ഓരോ വീട്ടിലും ഇന്ന് മഖാന പായസം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഛഠ് മയ്യ കീ ജയ്' എന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. ബിഹാറിൻ്റെ ഹൃദയം എൻഡിഎയ്ക്ക് ഒപ്പമാണെന്നും ബിഹാറിലെ ജനങ്ങൾ എല്ലാ റെക്കോർഡുകളും തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ സ്ത്രീകളും യുവാക്കളും "ജംഗിൾ രാജിനെ" തള്ളിപ്പറഞ്ഞതിലൂടെ 'മഹിള–യൂത്ത് ഫോർമുല' ബിജെപിക്ക് വലിയ വിജയം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതീഷ് കുമാറിൻ്റേത് അതിശയകരമായ നേതൃത്വ പാടവമാണെന്നും മോദി പ്രശംസിച്ചു.
കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച മോദി, ഇന്നത്തെ കോൺഗ്രസ് 'എംഎംസി കോൺഗ്രസ്' ആയി മാറിയിരിക്കുന്നുവെന്ന് പരിഹസിച്ചു. അതായത്, കോൺഗ്രസ് 'മുസ്ലീം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്' ആയി മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ചിലർ പ്രീണന രാഷ്ട്രീയത്തിന് പിന്നാലെ പോയപ്പോൾ, ധ്രുവീകരണ രാഷ്ട്രീയത്തിന് തിരിച്ചടിയേറ്റു. തെറ്റായ നയങ്ങൾ ജനങ്ങൾ തുടച്ചുനീക്കി വികസനത്തിന് വോട്ട് ചെയ്തുവെന്ന് മോദി പറഞ്ഞു. കള്ളം പറയുന്നവർ ഇത്തവണ പരാജയപ്പെട്ടു. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മൂന്നക്കത്തിലെത്താൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ രാഷ്ട്രീയം നിഷേധാത്മകമാണ്. യുവാക്കളുടെ ഭാവി നശിപ്പിച്ചതിനും മറ്റ് പാർട്ടികൾക്ക് ബാധ്യതയായി മാറിയതിനും കോൺഗ്രസ്സിനെ അദ്ദേഹം വിമർശിച്ചു. ബീഹാറിലെ വിജയം തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഊർജ്ജം നൽകുമെന്നും ബംഗാളിലെ ജനം ജംഗിൾ രാജിനെ തൂത്തെറിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
Addressing party workers following the NDA's massive victory in the Bihar Assembly elections, Prime Minister Narendra Modi hailed the win as historic, proclaiming that the current Congress is an 'MMC Congress,' short for 'Muslim League–Maoist Congress.'