നാന്ദേഡ് : ശിവസേന നേതാവ് സോനു കല്യാങ്കർ വെടിയേറ്റു മരിച്ച സംഭവത്തിൽ മുഖ്യ ആസൂത്രക മുൻ കാമുകിയുടെ അമ്മയാണെന്ന് പോലീസ് കണ്ടെത്തി (Sonu Kalyankar Murder Nanded Update). വ്യക്തിപരമായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തന്റെ മകളുടെ ജീവിതം സോനു നശിപ്പിച്ചുവെന്ന വിശ്വാസമാണ് അമ്മയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സോനുവിനെ വകവരുത്താൻ 1.5 ലക്ഷം രൂപയ്ക്കാണ് ഇവർ ക്വട്ടേഷൻ നൽകിയത്. ഇതിനായി ഇവർ ഒരു ക്രിമിനൽ സംഘത്തെ സമീപിക്കുകയും മുൻകൂറായി പണം നൽകുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുൻ കാമുകിയുടെ അമ്മയുൾപ്പെടെ അഞ്ചുപേരെ നാന്ദേഡ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനവും പോലീസ് കണ്ടെടുത്തു. സോനു കല്യാങ്കറും പ്രതിയുടെ മകളും തമ്മിൽ മുൻപ് അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം തകർന്നതിനെത്തുടർന്നുണ്ടായ തർക്കങ്ങളും കുടുംബത്തിനുണ്ടായ മാനഹാനിയുമാണ് പ്രതികാരത്തിന് കാരണമായത്.
അതേസമയം , കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആദ്യം കരുതിയിരുന്ന കേസ്, സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കുടുംബപരമായ പകയാണെന്ന് തെളിഞ്ഞത്.

