

ഇന്ത്യൻ കരസേനയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബഹുമതികൾ നേടിയ സൈനികരിൽ ഒരാളാണ് നായിബ് സുബേദാർ ചുനി ലാൽ ( Naib Subedar Chuni Lal). ഏതൊരു ദേശസ്നേഹിയും അറിഞ്ഞിരിക്കേണ്ട പേരാണ് ' ചുനി ലാൽ.' രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും ത്യാഗവും അളവറ്റതാണ്. സമാധാനകാലത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോക ചക്ര, യുദ്ധകാലത്തെ ധീരതയ്ക്കുള്ള വീർ ചക്ര, സേന മെഡൽ എന്നിവ ലഭിച്ച ഒരേയൊരു ഇന്ത്യൻ സൈനികനാണ് അദ്ദേഹം. തന്റെ ധൈര്യവും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യൻ സൈന്യത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച ഈ യോദ്ധാവിന്റെ ജീവിതം അതിരുകൾക്കപ്പുറമുള്ള ഒരു വീരഗാഥയാണ്.
ബാല്യവും സൈനികജീവിതത്തിന്റെ ആരംഭവും
1968ൽ, ജമ്മു കാശ്മീരിലെ ഭദർവാഹ് സ്വദേശിയായ ചുനി ലാൽ, ദോഡ ജില്ലയിലെ ഭാര ഗ്രാമത്തിൽ ശങ്കർദാസ്, ശകുന്തളാദേവി ദമ്പതികളുടെ മകനായി ജനനം. 1984-ൽ ചുനി ലാൽ 8-ാമത്തെ ബറ്റാലിയനായ ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ ചേർന്നു. മൂന്ന് വർഷത്തിന് ശേഷം, സിയാച്ചിൻ ഹിമാനിയിൽ 21,153 അടി (6,447 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്വയ്ദ് പോസ്റ്റ് പിടിച്ചെടുക്കാനുള്ള ഒരു ഓപ്പറേഷനിൽ അദ്ദേഹം പങ്കെടുത്തു. കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിലുള്ള ദേശസ്‌നേഹം രൂഢമൂലമായിരുന്നു.
ഓപ്പറേഷൻ രാജീവ്
1987-ൽ, ചുനി ലാൽ 'ഓപ്പറേഷൻ രാജീവ്' എന്ന ചരിത്രപ്രസിദ്ധമായ ദൗത്യത്തിന്റെ ഭാഗമാകുന്നു. സിയാച്ചിൻ ഹിമാനിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള സാൾട്ടോറോ പർവതനിരയിലെ ആക്ച്വൽ ഗ്രൗണ്ട് പൊസിഷൻ ലൈൻ (എജിപിഎൽ) സഹിതമുള്ള ബിലാഫോണ്ട് ലാ സെക്ടർ സുരക്ഷിതമാക്കുന്നതിനായി ലെഫ്റ്റ് ഷോൾഡർ (Left Shoulder) എന്ന ഏറ്റവും ഉയർന്ന സ്ഥലം പിടിച്ചെടുക്കുക എന്നതിയിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ബാനാ സിങ് നേതൃത്വം നൽകിയ സംഘത്തിലെ പ്രധാന അംഗമായിരുന്നു ചുനി ലാൽ. അതീവ അപകടകരമായ വഴികളിലൂടെ സൈന്യം മുന്നേറി പാകിസ്ഥാൻ സേനയെ പിൻവലിപ്പിച്ചു. അന്ന്, അതിശൈത്യത്തെയും ദുർഘടമായ പാതകളെയും അതിജീവിച്ചുള്ള ചുന്നി ലാലിന്റെ ധീരത ഏറെ ശ്രദ്ധേയമായിരുന്നു. ഈ ദൗത്യത്തിലെ ധീരതയ്ക്ക് അദ്ദേഹം “സേന മെഡൽ (ഗാലന്ററി)” നേടി.
ഓപ്പറേഷൻ രക്ഷക് – അതിരുകൾ സംരക്ഷിച്ച വീരൻ
1999-ലെ കാർഗിൽ യുദ്ധകാലത്ത്, പൂഞ്ച് സെക്ടറിലെ "ഓപ്പറേഷൻ രക്ഷക്" ദൗത്യത്തിലൂടെ ചുനി ലാൽ വീണ്ടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. പാകിസ്ഥാൻ ആക്രമണത്തിനെതിരായ പോരാട്ടത്തിൽ അദ്ദേഹം 12 ശത്രു സൈനികരെ വധിച്ചു. തന്റെ പോസ്റ്റ് സംരക്ഷിച്ചതിനും സഹ സൈനികരുടെ ജീവൻ രക്ഷിച്ചതിനും അദ്ദേഹത്തിന് 'വീർ ചക്ര' നൽകി രാജ്യം ആദരിച്ചിരുന്നു.
യുഎൻ സമാധാന സേനയിലെ സേവനം
ചുനി ലാൽ സൊമാലിയയിലും സുഡാനിലും രണ്ടുതവണ യുഎൻ സമാധാന സേനയുടെ ഭാഗമായി സേവനമനുഷ്ഠിച്ചിരുന്നു. സുഡാനിലെ സേവനകാലത്ത് അദ്ദേഹത്തിന്റെ ടീമിന്റെ ധീരപ്രവർത്തനങ്ങൾ കാരണം യൂണിറ്റിന് യുഎൻ പ്രസ്താവനാ ബഹുമതി ലഭിച്ചു.
അവസാന യുദ്ധം – കുപ്വാരയിലെ അമർത്യ യുദ്ധം
2007 ജൂൺ 24 ന്, കശ്മീരിലെ കുപ്വാര സെക്ടറിലെ 14,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ ചുനി ലാൽ ഡ്യൂട്ടിയിലായിരുന്നു. അന്ന് പുലർച്ചെ 3:30 ഓടെ, അതിർത്തിയിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ട അദ്ദേഹം തന്റെ സംഘത്തെ മുന്നോട്ട് നയിച്ചു. കനത്ത വെടിവയ്പിനിടയിൽ, ഗുരുതരമായി പരിക്കേറ്റ രണ്ട് സഹപ്രവർത്തകരെ അദ്ദേഹം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും, അദ്ദേഹം മുന്നോട്ട് കുതിച്ച് മൂന്ന് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലിൽ മാരകമായി പരിക്കേറ്റെങ്കിലും, ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടാൻ ശ്രമിക്കുന്ന മറ്റ് തീവ്രവാദികളെ വളയാൻ അദ്ദേഹം തന്റെ സൈനികർക്ക് നിർദ്ദേശം നൽകി. ഏറ്റുമുട്ടലിൽ ആകെ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവസാന ഘട്ടത്തിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം രക്തസ്രാവം മൂലം വീരമൃത്യു വരിച്ചു.
അനശ്വര ബഹുമതികൾ
ചുനി ലാലിന്റെ ധീരതയ്ക്ക് ശേഷം, ഇന്ത്യൻ രാഷ്ട്രം അദ്ദേഹത്തെ അശോക ചക്ര നൽകി ആദരിച്ചു. അതിനുമുമ്പ്, അദ്ദേഹത്തിന് വീർ ചക്രയും സേനാ മെഡലും ലഭിച്ചിരുന്നു അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബഹുമതികൾ നേടുന്ന സൈനികനായി അദ്ദേഹം മാറി.
ചുനി ലാൽ വെറുമൊരു പട്ടാളക്കാരൻ മാത്രമായിരുന്നില്ല, മറിച്ച് ഒരു ദേശസ്‌നേഹന്റെ പ്രതീകമായ ആത്മാവായിരുന്നു. മഞ്ഞുമലകൾ മുതൽ കശ്മീരിന്റെ അതിർത്തികൾ വരെ ധീരതയുടെ വീരഗാഥകൾ എഴുതിയ ഈ മനുഷ്യൻ യഥാർത്ഥത്തിൽ ഒരു "സൈനിക ഇതിഹാസം" ആണ്.
Summary: Naib Subedar Chuni Lal, India’s most decorated soldier, was a legend of unmatched bravery. From Operation Rajiv in Siachen to Operation Rakshak in Poonch and his final sacrifice in Kupwara, his story stands as a timeless symbol of courage and patriotism.