നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെ തർക്കം; ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു | Nagercoil murder news

നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെ തർക്കം; ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു | Nagercoil murder news
Updated on

നാഗർകോവിൽ: പൊങ്കൽ ആഘോഷങ്ങൾക്കിടയുണ്ടായ തർക്കത്തെത്തുടർന്ന് നാഗർകോവിലിൽ ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂർ സ്വദേശിയായ രമേശ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ രമേശിന്റെ സുഹൃത്ത് മണികണ്ഠനെ (42) അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സരലൂരിൽ നടന്ന പൊങ്കൽ കലാപരിപാടികൾക്കിടെയുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പരിപാടിക്കിടെ രമേശും സംഘവും ബഹളമുണ്ടാക്കിയത് മറ്റൊരു ടെമ്പോ ഡ്രൈവറായ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.

പിന്നീട് മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും, രമേശും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് ഇരുവരെയും ക്രൂരമായി വെട്ടുകയായിരുന്നു. വെട്ടേറ്റ രമേശ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച മണികണ്ഠന് ഗുരുതരമായി പരിക്കേറ്റു.

രമേശിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടാർ പോലീസ് മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.കൊല്ലപ്പെട്ട രമേശിന്റെ കുടുംബം വലിയ ദുരന്തത്തിലാണ്. രമേശിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളാണ് രമേശിനുള്ളത്. മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ടതോടെ ഈ കുട്ടികൾ ഇപ്പോൾ അനാഥരായ അവസ്ഥയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com