
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ഇന്ത്യൻ വ്യോമസേന ക്യാപ്റ്റൻ ശുഭാന്‍ഷു ശുക്ല പ്രധാനമന്ത്രി മോദിയുമായി സംവദിച്ചു. ''ഈ നിമിഷം, നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നത്. പക്ഷേ, 1.4 ബില്യൺ ഇന്ത്യക്കാർ സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ശബ്ദത്തിൽ ഇന്ത്യക്കാരുടെ സന്തോഷവും ആവേശവും നിറഞ്ഞിരിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ദേശീയ പതാക ബഹിരാകാശത്ത് വഹിച്ചുകൊണ്ട് പോയതിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. നിങ്ങളുടെ ചരിത്രപരമായ യാത്ര നമ്മുടെ വിദ്യാർത്ഥികളുടെ ബഹിരാകാശ പര്യവേഷണത്തിനുള്ള ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും- അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലെ നാല് പേരടങ്ങുന്ന സംഘത്തോടൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ച ആദ്യ ഇന്ത്യക്കാരനായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാന്‍ഷു ശുക്ല കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചിരുന്നു. സംഘം 14 ദിവസം അവിടെ ചെലവഴിക്കുകയും 60 ലധികം പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും.