

മുസഫർപൂർ (ബിഹാർ): ബിഹാറിലെ മുസഫർപൂരിൽ ഗ്രാമത്തെയാകെ നടുക്കിയ ദാരുണസംഭവം. 40 വയസ്സുകാരൻ ഭാര്യയുടെ സാരി ഉപയോഗിച്ച് അഞ്ച് മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വയം തൂങ്ങിമരിച്ചു. മൂന്ന് പെൺമക്കൾ മരിച്ചു, രണ്ട് ആൺമക്കൾ രക്ഷപ്പെട്ടു. അമർനാഥ് റാം (40) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ മക്കളായ അനുരാധ (12), ശിവാനി (9), രാധിക (7) എന്നിവരാണ് മരിച്ചത്. നാലും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളാണ് രക്ഷപ്പെട്ടത്.
അമർനാഥിൻ്റെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. മുസഫർപൂരിലെ മിസ്രോലിയ ഗ്രാമത്തിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. മരിച്ച കുട്ടികളുടെ അമ്മയുടെ സാരിയാണ് ഇയാൾ കുട്ടികളെ കൊല്ലാനും സ്വയം ആത്മഹത്യ ചെയ്യാനും ഉപയോഗിച്ചത്.
മുട്ടയുടെ തോടുകളും മറ്റും അടുക്കളയിൽ നിന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ, മുട്ട കൊണ്ടുള്ള വിഭവം കഴിച്ചതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ, മരണത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രക്ഷപ്പെട്ട മകൻ്റെ മൊഴിപ്രകാരം, പുറത്ത് മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങളോട് അച്ഛൻ അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു സാരി കൊണ്ട് കുരുക്കിട്ട ശേഷം അത് കഴുത്തിലിട്ട് ചാടാൻ പിതാവ് കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
കുരുക്ക് കഴുത്തിലിട്ടെങ്കിലും ചാടാതിരുന്ന രണ്ട് ആൺകുട്ടികളാണ് രക്ഷപ്പെട്ടത്.
ഈ കുട്ടികളാണ് അയൽക്കാരോടും മറ്റും കാര്യങ്ങൾ അറിയിച്ചത്. പ്രദേശവാസികൾ ഉടൻ പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.