Must-Visit Temples of Tamil Nadu

മധുര മുതൽ രാമേശ്വരം വരെ, ദ്രാവിഡ ശൈലിയുടെ സൗന്ദര്യവും, ഐതിഹ്യങ്ങളുടെ പവിത്രതയും ഒത്തുചേരുന്ന ക്ഷേത്രങ്ങൾ; തമിഴ്‌നാട്ടിലെ കണ്ടിരിക്കേണ്ട അഞ്ചു ക്ഷേത്രങ്ങൾ | Must-Visit Temples of Tamil Nadu

വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയുടെയും ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള സാംസ്കാരിക പൈതൃകത്തിന്റെയും മണ്ണാണ് തമിഴ്നാട്. തമിഴ്‌നാട്ടിലെ ഓരോ കല്ലിലും കൊത്തുപണികളിലും ദ്രാവിഡ സംസ്കാരത്തിന്റെയും ചോള-പാണ്ഡ്യ രാജാക്കന്മാരുടെ മഹത്വത്തിന്റെയും കഥകൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന തമിഴ്‌നാട്ടിൽ പുരാതനമായ വാസ്തുവിദ്യയുടെയും ആഴമേറിയ ഭക്തിയുടെയും കഥകൾ പറയുന്ന ഒട്ടനവധി ക്ഷേത്രങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. തമിഴ്‌നാട്ടിലെ ഈ പുണ്യ സങ്കേതങ്ങളിൽ, ഓരോ സഞ്ചാരിയും ഭക്തനും അറിയേണ്ടതും കാണേണ്ടതുമായ അഞ്ച് ക്ഷേത്ര അത്ഭുതങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ (Must-Visit Temples of Tamil Nadu)

1. മധുര മീനാക്ഷി ക്ഷേത്രം

Madurai Meenakshi Temple

തമിഴ്‌നാട്ടിലെ മധുര നഗരത്തിന്റെ ഹൃദയഭാഗത്ത് വൈഗ നദിയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മധുര മീനാക്ഷി ക്ഷേത്രം (Madurai Meenakshi Temple) ലോകത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പരാശക്തി ശ്രീ പാർവ്വതിയെ 'മീനാക്ഷിയായും' ഭഗവാൻ ശ്രീ പരമശിവനെ "സുന്ദരേശ്വരനായും" ക്ഷേത്രത്തിൽ കുടിയിരിത്തിയിരിക്കുന്നു. മീനാക്ഷി എന്നാൽ മത്സ്യക്കണ്ണുകളുള്ളവൾ എന്നാണ് അർത്ഥം. ഏകദേശം 3500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്ര സമുച്ചയത്തിൽ 14 വലിയ ഗോപുരങ്ങളും 33,000-ത്തിലധികം ശിൽപങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. കിഴക്കൻ ഗോപുരമാണ് ഇവയിൽ ഏറ്റവും പഴക്കം ചെന്നത്. മീനാക്ഷിയുടെയും സുന്ദരേശ്വരന്റെയും വിവാഹ ഉത്സവമായ 'ചിത്തിരൈ ഉത്സവം' ഇവിടെ വലിയ തോതിൽ ആഘോഷിക്കപ്പെടുന്നു.

2. ബൃഹദീശ്വര ക്ഷേത്രം

Brihadeeswara Temple

തഞ്ചാവൂരിന്റെ ഹൃദ്യഭാഗത്താണ് അതിമനോഹരമായ ബൃഹദീശ്വര ക്ഷേത്രം (Brihadeeswara Temple) സ്ഥിതിചെയുന്നത്. ചോള രാജവംശത്തിലെ രാജരാജ ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കലയും ശാസ്ത്രവും ഒത്തുചേരുന്ന ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തിരുവുടയാര്‍ കോവില്‍, പെരിയ കോവില്‍, രാജരാജേശ്വരം കോവില്‍ എന്നി വ്യത്യസ്ത പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീർത്ത ക്ഷേത്രത്തിന്റെ മകുടമാണ്. വർഷത്തിൽ ഒരിക്കൽ പോലും ക്ഷേത്ര മകുടത്തിന്റെ നിഴൽപ്പാടുകൾ ഭൂമിയിൽ പതിക്കില്ല.

3. ചിദംബരം ശ്രീ നടരാജ ക്ഷേത്രം

Chidambaram

ബ്രഹ്മാണ്ഡത്തിന്റെ അധിപനായ പരമശിവന്റെ ആരാധനയ്ക്ക് സമർപ്പിച്ച ഏറ്റവും വിശിഷ്ടമായ ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം ശ്രീ നടരാജ ക്ഷേത്രം (Chidambaram Nataraja Temple). പഞ്ചഭൂതസ്ഥാനങ്ങളിൽ അഗ്നിതത്ത്വത്തെ പ്രതിനിധീകരിക്കുന്ന ഈ ക്ഷേത്രം “തില്ലൈ നടരാജ ക്ഷേത്രം” എന്ന പേരിലും അറിയപ്പെടുന്നു. സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂർത്തിയായ നടരാജ ഭഗവാൻ 'ആനന്ദ താണ്ഡവം' (ആനന്ദ നൃത്തം) ചെയ്യുന്ന രൂപത്തിലാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പത്താം നൂറ്റാണ്ടിലെ ചോള ഭരണകാലത്താണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. 108 കരണങ്ങളോടുകൂടിയ ഭരതനാട്യ ശില്പങ്ങൾ കൊത്തിവെച്ച കിഴക്കേ ഗോപുരം ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ്.

4. രാമനാഥസ്വാമി ക്ഷേത്രം

Ramanathaswamy

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ദ്വീപിലാണ് രാമനാഥസ്വാമി ക്ഷേത്രം (Ramanathaswamy Temple) സ്ഥിതി ചെയ്യുന്നത്. സ്തലം, മൂർത്തി, തീർത്ഥം എന്നീ പ്രത്യേകതകളുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം. രാമ-രാവണ യുദ്ധത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമായി ശ്രീരാമൻ ഇവിടെ ശിവനോട് പ്രാർത്ഥിച്ചു എന്നാണ് വിശ്വാസം. ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി (650 മീറ്റർ നീളമുള്ള പുറത്തെ ഇടനാഴി) ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യാപരമായ സവിശേഷതയാണ്. ക്ഷേത്രത്തിൽ 22 പുണ്യതീർത്ഥക്കുളങ്ങളുണ്ട്. ഭക്തർ ആദ്യം വണങ്ങേണ്ടത് ഹനുമാൻ പ്രതിഷ്ഠിച്ച 'വിശ്വനാഥലിംഗത്തെയാണ്' എന്നാണ് ഇവിടത്തെ ആചാരം.

5. ശ്രീ രംഗനാഥസ്വാമി ക്ഷേത്രം

Ranganathaswamy

മഹാവിഷ്ണുവിനായി ഇന്ത്യയിലുടനീളം ഒട്ടനവധി ക്ഷേത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും, ഭഗവാൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ വാസസ്ഥാനമാണ് ശ്രീ രംഗനാഥസ്വാമി ക്ഷേത്രം (Ranganathaswamy Temple). തിരുച്ചിറപ്പള്ളിക്ക് സമീപം കാവേരി നദിയുടെ മധ്യത്തിലുള്ള ദ്വീപിൽ സ്ഥിതി ചെയ്യുന്ന രംഗനാഥസ്വാമി ക്ഷേത്രത്തിന് സവിശേഷതകൾ ഏറെയാണ്. 156 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു 'രംഗനാഥൻ' എന്ന പേരിൽ അനന്തശയന രൂപത്തിൽ തെക്കോട്ട് ദർശനമായി കുടികൊള്ളുന്നു. മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനം വഹിക്കുന്നതും രംഗനാഥസ്വാമി ക്ഷേത്രമാണ്.

Summary: From the ancient corridors of the Meenakshi Temple in Madurai to the serene shores of Rameswaram’s Ramanathaswamy Temple, Tamil Nadu is a land where devotion meets architectural brilliance. The state’s magnificent temples — including Brihadeeswara, Chidambaram Nataraja, and Sriranganathaswamy — stand as timeless symbols of spirituality, art, and history.

Times Kerala
timeskerala.com