

മുംബൈ: സംഗീത ആൽബത്തിൽ അവസരം നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംഗീത സംവിധായകനും ഗായകനുമായ സച്ചിൻ സങ്‌വി അറസ്റ്റിലായി. ഒക്ടോബർ 23 വ്യാഴാഴ്ച അറസ്റ്റ് ചെയ്ത അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം
ഇൻസ്റ്റഗ്രാം വഴിയാണ് പരാതിക്കാരിയും സച്ചിൻ സങ്‌വിയും പരിചയപ്പെട്ടത്. സച്ചിനാണ് ആദ്യം സന്ദേശം അയച്ചത്. പിന്നീട് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച സച്ചിൻ, തൻ്റെ വരാനിരിക്കുന്ന സംഗീത ആൽബത്തിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തുടർന്ന് സച്ചിൻ പെൺകുട്ടിയെ തൻ്റെ മ്യൂസിക് സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി വിവാഹാഭ്യർഥന നടത്തി. അവിടെവെച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
ആരോപണങ്ങൾ നിഷേധിച്ച് പ്രതിഭാഗം
സച്ചിൻ സങ്‌വിയുടെ അഭിഭാഷകൻ ആദിത്യ മീഠേ ഈ ആരോപണങ്ങൾ നിഷേധിച്ചു.ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. "എൻ്റെ കക്ഷിയെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഉടൻ ജാമ്യം ലഭിച്ചത്. എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാനാണ് തീരുമാനം," അഭിഭാഷകൻ വ്യക്തമാക്കി.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സ്ത്രീ 2' എന്ന ചിത്രത്തിലെ സച്ചിൻ സംഗീതം നൽകിയ 'ആജ് കീ രാത്ത്' എന്ന ഗാനം ഹിറ്റായിരുന്നു.