ന്യൂഡൽഹി: മുർഷിദാബാദിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി. വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മൂന്നുപേർ മരിച്ച സംഭവത്തിൽ അദ്ദേഹം അതിയായ ദുഃഖം രേഖപ്പെടുത്തി.
"ബിജെപിയുടെ വിദ്വേഷ പ്രചാരണ രാഷ്ട്രീയത്തെ എസ്‌ഡിപിഐ ശക്തമായി എതിർക്കുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും നുണകളും പ്രചരിപ്പിച്ചുകൊണ്ട് ബിജെപി നേതാക്കൾ അന്തരീക്ഷം നശിപ്പിക്കുകയാണ്. അക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ബിജെപി നേതാക്കളായ സുവേന്ദു അധികാരി, സുകാന്ത മജുംദാർ എന്നിവരെപ്പോലുള്ളവർ പ്രദേശത്തുനിന്ന് ഹിന്ദുക്കളെ പുറത്താക്കുന്നുവെന്ന തെറ്റായ പ്രചാരണം ഉന്നയിക്കുകയാണ്. സൈന്യത്തെ വിന്യസിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച റാലികൾക്ക് നേരെ കല്ലെറിഞ്ഞതായും വാർത്തകളുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട ചില തീവ്ര സംഘടനകളാണ് ഇതിന് പിന്നിൽ. ഷംഷേർഗഞ്ച് പൊലീസ് ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചതായും ആരോപണമുണ്ട്.
മുസ്‍ലിം സമുദായത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്ന രീതി അപലപനീയമാണ്. 2026ലെ തെരഞ്ഞെടുപ്പിലേക്കുള്ള അവരുടെ തന്ത്രങ്ങളാണിത്. എല്ലാ ഇരകൾക്കും നഷ്ടപരിഹാരം നൽകണമെന്നും തെറ്റായ വാർത്തകൾ തടയണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. വിദ്വേഷത്തിൽനിന്ന് വിട്ടുനിൽക്കാനും ഐക്യം നിലനിർത്താനും എല്ലാവർക്കും നീതിയും ബഹുമാനവും ഉറപ്പാക്കുന്നതിൽ പിന്തുണ നൽകാനും ബംഗാളിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു." - മുഹമ്മദ് ഷാഫി കൂട്ടിച്ചേർത്തു.