കൊൽക്കത്ത: മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസും ബിജെപിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികൾ കലാപത്തിന് ആഹ്വാനം ചെയ്തു. ഇത് മുർഷിദാബാദിൽ അശാന്തിക്കിടയാക്കിയെന്നും പൊലീസിന് കലാപം തടയാൻ കഴിയാതെ പോയെന്നും മുഹമ്മദ് സലീം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വഖഫ് നിയമം കൊണ്ടുവന്ന് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് സംഘർഷമുണ്ടാക്കാനാണ് ബിജെപിയും തൃണമൂലും പദ്ധതിയിടുന്നത്. ഒരു കൂട്ടർ കലാപത്തെ അനുകൂലിക്കുന്നു, മറ്റൊരു കൂട്ടർ കലാപത്തെ എതിർക്കുന്നു. മുർഷിദാബാദിൽ ബിജെപി-തൃണമൂൽ കൂട്ടുകെട്ട് കലാപം നടത്തുന്നു, കലാപം നിയന്ത്രിക്കാൻ ഇടതുമുന്നണിയും കോൺഗ്രസ് പോരാടുകയാണെന്നും മുഹമ്മദ് സലിം പറഞ്ഞു.
മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ മുഹമ്മദ് സലിം സന്ദർശിച്ചു. മുർഷിദാബാദ് ജില്ലയിലെ വർഗീയ സംഘർഷങ്ങൾ തടയാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ജാമിർ മൊല്ല ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയും അക്രമത്തിന്റെ പ്രത്യക്ഷ കക്ഷികളാണെന്നും അക്രമം തടയുന്നതിൽ സംസ്ഥാന പൊലീസും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അക്രമത്തിന് പിന്നിലെ പ്രധാന കുറ്റവാളികൾ ടിഎംസിയിലെയും ആർഎസ്എസിലെയും വിവിധ വിഭാഗങ്ങളാണ്. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജില്ലയിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും ജാമിർ മൊല്ല പറഞ്ഞു.