ബെംഗളൂരു : കർണാടകയിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. ബി.ഫാം വിദ്യാർഥിനി യാമിനി പ്രിയ (20) യാണ് കൊല്ലപ്പെട്ടത്. മല്ലേശ്വരത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്.പ്രണയം നിരസിച്ചതിന്‍റെ പേരിൽ വിഗ്നേഷ് എന്ന യുവാവാണ് ക്രൂരത ചെയ്തതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതി ഓടി രക്ഷപ്പെട്ടു.
കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യാമിനി. നടന്നു പോകുന്നതിനിടെ അക്രമി പിന്നിലൂടെ ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ കുത്തിയിറക്കുകയായിരുന്നു.
ആദ്യം കൈയിൽ കരുതിയിരുന്ന മുളകുപൊടി പ്രതി പെൺകുട്ടിയുടെ നേർക്ക് എറിഞ്ഞു. കഴുത്തിലെ ആഴത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവം കാരണം സംഭവസ്ഥലത്ത് വെച്ചുതന്നെ പെൺകുട്ടി മരിച്ചു. ശ്രീരാംപുര പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.