ബെംഗളൂരു : വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്‍റെ പ്രകോപനത്തിൽ ബൈക്ക് യാത്രികരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. ബെംഗളൂരുവിലെ ബെൽറോഡിലാണ് സംഭവം നടന്നത്. സംഭവത്തിൽ കൊടികെഹള്ളി സ്വദേശി സുകൃത്കേശവ് ഗൗഡ (23) യെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസമായിരുന്നു സംഭവം നടന്നത്. മൂന്നംഗ കുടുബം ബൈക്കിൽ സഞ്ചരിക്കവെയാണ് പിന്നിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയത്. സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി കാറിലുള്ളവരും ബൈക്കിലുള്ളയാളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവം എന്നാണ് വിവരം.
ബൈക്ക് യാത്രികയായ സ്ത്രീയുടെ കൈയ്ക്കും തോളിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കുണ്ട്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ബൈക്ക് യാത്രികരായ കുടുംബത്തിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.