
ഹൈദരാബാദ്: തെലങ്കാനയിൽ യൂട്യൂബ് വീഡിയോ കണ്ട് 40 വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മാറ്റിയ കേസിൽ ഒരു സ്ത്രീയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ പരിമി അശോകാണ് (36) കേസിലെ മുഖ്യപ്രതി. യൂട്യൂബിൽ കണ്ട വീഡിയോകളാണ് ഇയാളെ കൊലപാതക രീതികളിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ക്രൂരമായ കൊലപാതകത്തിന് ഇരയായത് ഗട്ല വെങ്കടേശ്വരലു (40) ആണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ അശോകുമായി വെങ്കടേശ്വരലു ഹൈദരാബാദിലെ ഒരു ഗ്രാമത്തിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. വെങ്കടേശ്വരലുവുമായി അശോക് പലപ്പോഴും സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും ഇയാളിൽനിന്ന് പണം വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.
കൊലപാതകവും മൃതദേഹം കഷണങ്ങളാക്കിയതും
സെപ്റ്റംബർ 16-നാണ് ഗട്ല വെങ്കടേശ്വരലുവിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന പ്രതികൾ, ഗൾഫിലേക്ക് പോകാൻ പണം മോഷ്ടിക്കുന്നതിന് വേണ്ടിയാണ് വെങ്കടേശ്വരലുവിനെ കൊലപ്പെടുത്തിയത്.
വെങ്കടേശ്വരലുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. തുടർന്ന് കഷണങ്ങളാക്കിയ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിൽ കൂട്ടുനിന്ന മറ്റ് രണ്ട് പേരെയും പോലീസ് പിടികൂടി. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഇരുചക്ര വാഹനവും മോഷ്ടിച്ച സ്വർണവും കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും പോലീസ് കണ്ടെടുത്തു. പ്രതികൾ മൂന്നു പേരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.