
മഹാരാഷ്ട്ര: മുംബ്ര തീവണ്ടി അപകടത്തിന് പിന്നാലെ ലോക്കൽ ട്രെയിനുകളിലെ ക്യാബിനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് തുടങ്ങി(CCTV camera). സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻട്രൽ റെയിൽവേ ക്യാബിനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് തുടങ്ങിയത്. നിലവിൽ, സെൻട്രൽ റെയിൽവേയുടെ കീഴിൽ 25 ലോക്കൽ ട്രെയിനുകളിലായി 50 സിസിടിവി സംവിധാനങ്ങൾ സ്ഥാപിച്ചതായാണ് റിപ്പോർട്ട്. 15 ലോക്കൽ ട്രെയിനുകൾക്കായി 30 സിസിടിവി സംവിധാനങ്ങൾ കൂടി ഓർഡർ ചെയ്തിട്ടുമുണ്ട്.
മോട്ടോർമാന്റെ പ്രവൃത്തികൾ, അയാളുടെ പ്രതികരണം എന്നിവയെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പരിശോധിക്കാൻ കഴിയും. ഒരു ലോക്കൽ ട്രെയിനിലെ 2 മോട്ടോർമാൻ ക്യാബിനുകളിലായി സിസിടിവി സംവിധാനം സ്ഥാപിക്കുന്നതിന് ഏകദേശം 1.24 ലക്ഷം രൂപ ചിലവ് വരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം വെസ്റ്റേൺ റെയിൽവേയുടെ 26 ലോക്കൽ ട്രെയിനുകളിൽ ഇതിനോടകം സംവിധാനം സ്ഥാപിച്ചു കഴിഞ്ഞു.