മുംബൈ : മഹാരാഷ്ട്രയിൽ മുംബൈയടക്കം വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്.
ദുരിതബാധിത പ്രദേശങ്ങളില്‍ എസ്ഡിആര്‍എഫിനെയും എന്‍ഡിആര്‍എഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത നിർദ്ദേശം നൽകി. മിഠി നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശത്തുള്ള 350 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചു. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ നിര്‍ദേശമുണ്ട്.
മുംബൈ നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ദാദർ, മാട്ടുംഗ, സിയോൺ, അന്ധേരി, പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായ മഴ സാധാരണ ജീവിതം ദുഷ്‌കരമാക്കി. റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായി. ബൈക്കുല്ല, കലചൗക്കി, താനെ, ഘട്‌കോപ്പർ, വിദ്യാവിഹാർ, വിക്രോളി, ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമുണ്ടായി.