
2008 നവംബർ 26 ബുധനാഴ്ച, ഇന്ത്യയ്ക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ദിനം. കടൽ കടന്ന് ഭീകർ മുംബൈയുടെ തീരത്ത് എത്തുന്നു, ശേഷം അവർ ചെറു സംഘങ്ങളായി പിരിഞ്ഞ് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിൽ ജനങ്ങൾക്കു നേരെ വെടിയുതിർക്കാൻ തുടങ്ങി. ആക്രമണകാരികളെ കിഴപ്പെടുത്തുവാനും ബന്ദികളെ മോചിപ്പിക്കുവാനും വേണ്ടി തുടർച്ചയായ 60 മണിക്കൂർ നീണ്ട പോരാട്ടം. ഒടുവിൽ 10 ഭീകരരിൽ ഒൻപതുപേരെയും മുംബൈ പോലീസും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാർഡും (എൻ എസ് ജി) നടത്തിയ സംയുക്ത പ്രതിരോധത്തിൽ വധിച്ചു. അന്ന് ആ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് 166 മനുഷ്യർക്ക്. 26/11 ഭീകരാക്രമണം അരങ്ങേറി 16 വർഷങ്ങൾക്ക് ഇപ്പുറം, ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡിലിയുടെ (David Coleman Headley) അടുത്ത അനുയായി തഹാവൂർ റാണ എന്ന ഭീകരനെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന് (Mumbai terror attacks) പിന്നിൽ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന തഹാവൂർ റാണ എന്ന് ഭീകരൻ ആരാണ്?
1961 ജനുവരി 12 ന് പാകിസ്താനിലെ ചിചാവത്‌നിയിലാണ് തഹാവൂർ ഹുസൈൻ റാണയുടെ (Tahawwur Hussain Rana) ജനനം. സമ്പന്ന മുസ്ലീം രജപുത്ര കുടുംബത്തിലാണ് തഹാവൂർ റാണ ജനിക്കുന്നത്. സ്കൂൾ പഠനശേഷം റാണ കേഡറ്റ് കോളേജ് ഹസൻ അബ്ദാൽ കോളേജിൽ ഉപരിപഠനത്തിനായി ചേരുന്നു. ഇവിടെവച്ചാണ് ഡേവിഡ് ഹെഡിലിയെ പരിചയപ്പെടുന്നതും ഇരുവരും സുഹൃത്തുക്കൾ ആകുന്നതും. പഠനശേഷം പാകിസ്ഥാൻ ആർമി മെഡിക്കൽ കോർപ്സിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചു. വർഷങ്ങളോളം നീണ്ട സൈനിക സേവനം അവസാനിപ്പിച്ച് റാണ ബിസിനസ്സ് രംഗത്തേക്ക് ചുവടുവയ്ക്കുന്നു. സൈന്യത്തിൽ നിന്ന് മേജറായി വിരമിച്ച ശേഷം, 1997 ൽ റാണ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. അധികം വൈകാതെ അമേരിക്കയിലെ ചിക്കാഗോയിലേക്കും താമസം മാറുന്നു. അവിടെ ഒരു ഇമ്മിഗ്രേഷൻ സ്ഥാപനം ആരംഭിക്കുന്നു.
ലഷ്‌കറെ തയിബ, ഹർക്കത്ത്- ഉൽ ജിഹാദി ഇസ്ലാമി എന്നീ ഭീകര സംഘടനകളുമായി അടുത്ത ബന്ധം റാണ പുലർത്തിയിരുന്നു. ഇത് പിൽകാലത്ത് നടത്തിയ അന്വേഷണത്തിൽ തെളിയിക്കപ്പെട്ടതാണ്. ഡേവിഡ് ഹെഡിലിയെ ഇന്ത്യയിൽ എത്തുവാൻ എല്ലാ വിധ സഹായങ്ങളും ഒരുക്കി നൽകിയത് റാണയായിരുന്നു. മുംബൈയിൽ ഭീകരാക്രമത്തിന് മുന്നോടിയായി ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് നിർണായക വിവരം നൽകിയതും റാണയായിരുന്നു. ഒടുവിൽ ഡേവിഡ് ഹെഡിലിക്ക് ഇന്ത്യയിൽ എത്തുവാൻ വിസ സംഘടിപ്പിച്ചു നൽകിയതും റാണയുടെ സ്ഥാപനമായിരുന്നു. ഇമ്മിഗ്രേഷൻ കൺസൾട്ടൻസി എന്ന വ്യാജേനെ റാണയുടെ സഹായത്തോടെ മുംബൈയിൽ ഒരു സ്ഥാപനം ആരംഭിക്കുന്നു. ഡേവിഡ് ഹെഡിലി ഓരോ നീക്കങ്ങൾ നടത്തിയിരുന്നതും ഈ സ്ഥാപനത്തിന്റെ മറവിലായിരുന്നു. ഡേവിഡ് ഹെഡിലിയുടെ ഓരോ നീക്കങ്ങളെ കുറിച്ചും റാണയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. റാണ അവയൊക്കെയും പ്രാത്സാഹിപ്പിച്ചിരുന്നു. ഡേവിഡ് ഹെഡിലിയുമായി റാണ നടത്തിയ ഇമെയിൽ സന്ദേശങ്ങൾ ഇതിനുള്ള തെളിവുകളാണ്. ആക്രമണത്തിന്‍റെ അവസാന ആസൂത്രണം നടക്കുന്ന 2008 നവംബർ 13നും 21നുമിടയില്‍ പോലും റാണയും ഭാര്യ സമ്രാസിനൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഹാപൂർ, ഡൽഹി, ആഗ്ര, അഹമ്മദാബാദ്, മുംബൈ അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇരുവരും തങ്ങിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ ഭാഗമായിരുന്നു ഇഖ്ബാലുമായും റാണയ്ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിരുന്നു.
തീവ്രവാദ പ്രവർത്തങ്ങൾക്ക് സാമ്പത്തിക സഹായം നൽകി എന്ന് ആരോപിച്ച് 2009 ൽ ചിക്കാഗോയിൽ വച്ച് റാണയെ എഫ്ബിഐ അറസ്റ്റ് ചെയുന്നു. 2005 സെപ്റ്റംബർ 30 ന് ഡാനിഷ് പത്രം ജിലാൻഡ്സ്-പോസ്റ്റൻ ( Jyllands-Posten) നേരെ ലഷ്കറെ തയിബ നടത്തിയ ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് 2011 ൽ റാണയ്‌ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതം എന്നോണം മുംബൈ ഭീകരാക്രമണത്തിൽ നിന്നും റാണയെ കുറ്റവിമുക്തനാക്കി. അധികാരപരിമിതി മൂലമായിരുന്നു അമേരിക്കൻ കോടതിയുടെ ഈ നടപടി. 2009 ലായിരുന്നു എൻഐഎ റാണയെ മുംബൈ ഭീകരാക്രമണത്തിൽ പ്രതിചേർക്കുന്നത്. 2022 ലാണ് റാണയെ കൈമാറണം എന്ന് കാട്ടി അമേരിക്കയ്ക്ക് ഇന്ത്യ കത്തയക്കുന്നത്. മുംബൈ ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് എടുത്തുകാട്ടുന്ന തെളിവുകൾ നിരത്തിയാണ് ഇന്ത്യ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ ഇതിന് തൊട്ടു പിന്നാലെ റാണ അമേരിക്കയിൽ ഉടനീളം ഉള്ള നിരവധി കോടതികളിൽ അപ്പീലുകൾ സമർപ്പിക്കുന്നു. അങ്ങനെ റാണയെ കൈമാറുവാനനുള്ള നടപടികൾ വർഷങ്ങൾ നീണ്ടു പോയി. എന്നാൽ റാണ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ട് കോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.വർഷങ്ങൾ വിണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറുവാൻ തീരുമാനിക്കുന്നത്. 2023 മെയ് 18 ന് ഇന്ത്യയ്ക്ക് കൈമാറുവാൻ അമേരിക്ക തീരുമാനിക്കുന്നത്.
എന്നാൽ താൻ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുവാനും കൊലചെയ്യപ്പെടുവാനും സാധ്യത ഉണ്ടെന്ന് കാട്ടി റാണ ഹർജി നൽകിയിരുന്നു. എന്നാൽ ആ ഹർജി കോടതി തള്ളിയിരുന്നു. മുംബൈ ഭീകരാക്രമത്തിന് മുന്നോടിയായി റാണ കൊച്ചിയിൽ എത്തിയിരുന്നതായും പറയപ്പെടുന്നു. തീവ്രവാദ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റാണ കൊച്ചിയിൽ എത്തിയത് എന്ന് റാണ തന്നെ മൊഴി നൽകി എന്ന സൂചനകളുമുണ്ട്. ഇതിനിടയിലാണ് റാണയെയും ഡേവിഡ് ഹെഡിലിയെയും ഇന്ത്യയിൽ സഹായിച്ച വ്യക്തിയെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു പോരുകയാണ്. റാണയുടെ നിർദേശ പ്രകാരമാണ് ഡേവിഡ് ഹെഡിലിയെ ഇന്ത്യയിൽ സ്വീകരിച്ചത് എന്നാണ് ആ സഹായി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ദുബായിൽ വച്ചാണ് മുംബൈ ഭീകരാക്രമണത്തിന്റെ ചൂടു പിടിച്ച ചർച്ചകൾ നടന്നത്. ചോദ്യം ചെയ്യലിനോട് യാതൊരു രീതിയിലും റാണ നിലവിൽ പ്രതികരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ റാണയിൽ നിന്നും ലഭിക്കുവാനുണ്ട്.